യഥാർത്ഥത്തിൽ നമുക്ക് ദൈവവിശ്വാസം ഉണ്ടോ ?

യഥാർത്ഥത്തിൽ നമുക്ക് ദൈവവിശ്വാസം ഉണ്ടോ ?

With 0 Comments, Category: Church News, News Letter,

 

ദൈവ വിശ്വാസം എന്നത് കൊണ്ട് അർത്ഥമാക്കുന്നത്, ദൈവത്തെ വിശ്വസിക്കുക – അവന്റെ ശക്തിയിൽ വിശ്വസിക്കുക, ആശ്രയിക്കുക എന്നൊക്കെയാണ്. ക്രിസ്ത്യാനികൾ, അഥവാ, ക്രിസ്തുവിന്റെ അനുയായികൾ ആയ നാം, യഥാർത്ഥത്തിൽ ആശ്രയം വച്ചിരിക്കുന്നത് ക്രിസ്തുവിൽ അല്ലാ എന്നത് ഒരു സത്യമാണ്! ആ സത്യം, നാം വ്യക്തമായി തിരിച്ചറിയേണ്ടതുമാണ്!! 

 ഇന്ന്, നാം ആശ്രയം വച്ചിരിക്കുന്നത്, ക്രിസ്തുവിനെ വിട്ട് മററ് പലതിലുമൊക്കെയാണ്. അതായത്, നമ്മുടെ കരുത്തിലും സാമാന്യ നീതിയിലും ന്യായത്തിലും സമ്പത്തിലും ഒക്കെ.. . കരുത്തിന് അഥവാ ആരോഗ്യത്തിന് കോട്ടം തട്ടി രോഗികൾ ആകുന്ന ഒട്ടുമിക്കവരും വളരെയധികം അസ്വസ്ഥരും നിരാശരും ഒക്കെ ആയി ആകെ തകർന്ന്, തളർന്ന് പോകുന്നതിന് കാരണo മറ്റൊന്നല്ല – അവരുടെ ദൈവം അവരുടെ കരുത്താണ്, അല്ലാതെ ക്രിസ്തു അല്ല എന്നതു തന്നെ. എന്നാൽ ഒന്നോർക്കുക, “ഒരു കരുത്തും ഇല്ലാത്തവനേ ദൈവം കരുത്താകൂ”.

ഇനിയും വേറൊരു പറ്റം ആളുകൾ ആശ്രയം വച്ചിരിക്കുന്നത് തങ്ങൾക്ക് ലഭിക്കേണ്ട നീതിയിലും ന്യായത്തിലും ആയിരിക്കാം.  അവ ലംഘിക്കപ്പെടുമ്പോൾ അവർ ആകെ അസ്വസ്ഥരാകുന്നു. പിന്നീട്, അത് ഏത് വിധേനയും നേടിയെടുക്കുവാനുള്ള തത്രപ്പാടിലായിരിക്കും  ഇക്കൂട്ടർ. എന്നാൽ, ലഭിക്കേണ്ട ഇടങ്ങളിൽ നിന്ന് നീതി അവർക്ക് ലഭിച്ചു എന്ന് വരികയില്ല. അതോടെ  അവർ ആകെ മുറിവേററവരും നിരാശരും ദുഃഖിതരും വെറുപ്പുള്ളവരും ഒക്കെയായി മാറുന്നത് കാണുവാൻ സാദ്ധിക്കും.

നാം ഓർക്കേണ്ടത് ഇതുമാത്രം, നീതിയും ന്യായവും ലഭിക്കേണ്ട ഇടങ്ങളിൽ നിന്ന് അത് ലഭിക്കാതെയും തനിക്കുണ്ടായിരുന്ന മെയ്കരുത്ത് അടിച്ച് തകർക്കപ്പെട്ട ശേഷം   കുരിശിക്കപ്പെടുകയും ചെയ്ത ഒരു ദൈവത്തെയാണ് സഭ നമുക്ക് പരിചയപ്പെടുത്തുന്നത്. അങ്ങനെയെങ്കിൽ, ക്രിസ്ത്യാനികൾ ആയ നമുക്കും അവയൊന്നും ലഭിക്കുവാൻ യാതൊരു സാദ്ധ്യതയും ഇല്ല. ഈ യാഥാർത്ഥ്യമാണ്   നാം ആഴത്തിൽ ഉൾക്കൊള്ളേണ്ടേത്.

ചുരുക്കം ഇതാണ് – മെയ്കരുത്തിലോ നീതിയിലോ ന്യായത്തിലോ മറ്റൊന്നിലുമോ ആശ്രയിക്കാതെ പിതാവിൽ മാത്രം ആശ്രയിച്ചവനെ നമുക്കും ആശ്രയിക്കാം. യേശു എന്റെ രക്ഷകനാണ്, അവനാണ് എന്റെ പ്രശ്ന പരിഹാരകൻ എന്ന ബോദ്ധ്യത്തോടെ ക്രിസ്തുവിനു വേണ്ടി നിലകൊണ്ട്,  ക്രിസ്തുവിനെ, അവന്റെ ശക്തിയെ, ആഴത്തിൽ വിശ്വസിക്കുന്ന – ആശ്രയിക്കുന്ന യഥാർത്‌ഥ ക്രിസ്ത്യാനികൾ ആയി  മാറാം. ദൈവിക കരുണയിൽ വിശ്വാസമർപ്പിച്ച്  കൃപാസനത്തിലേക്ക് ദൃഷ്ടി ഉയർത്താം.  

കുരിശിൽ മരിച്ച് മൂന്നാം ദിവസം ഉയിർത്ത ക്രിസ്തു  ദൈവമായ നമുക്കും, അതേ ഉയിർത്തെഴുന്നേല്പ് നിശ്ചയമായും പ്രതീക്ഷിക്കാം.  അതിനായ് ,ആ മൂന്ന് ദിവസത്തിനായ് നമുക്ക് കാത്തിരിക്കാം… വിശ്വാസത്തോടെ… ക്ഷമയോടെ…പ്രാർത്ഥനയോടെ 

………സഖറിയാസ് ഫിലക്സിനോസ് മെത്രാപ്പോലീത്ത

Prayer for Church→

Leave a Reply