ദൈവകൃപ  പ്രാപിക്കുവാൻ

ദൈവകൃപ പ്രാപിക്കുവാൻ

With 0 Comments, Category: News Letter,

ദൈവകൃപ ലഭിക്കുവാൻ ആവശ്യമായ 3 ഗുണങ്ങളെ പറ്റി എശയ്യാ 66 /2 -ൽ ഇങ്ങനെ പറയുന്നുണ്ട്.”ആത്മാവിൽ എളിമയും അനുതാപവും ഉണ്ടായിരിക്കുകയും എന്റെ വചനം ശ്രവിക്കുമ്പോൾ വിറയ്ക്കുകയും ചെയ്യുന്നവനെയാണ് ഞാൻ കടാക്ഷിക്കുക.”

എളിമ എന്നാൽ ശൂന്യമായ അവസ്ഥ . അത് എത്രമാത്രം എന്ന് പ്രഭാഷകൻ: 3/18-ൽ പറയുന്നു,”നീ എത്ര ഉന്നതനാണോ, അത്രമാത്രം വിനീതൻ ആകുക. അപ്പോൾ കർത്താവിന്റെ കൃപയ്ക്ക് നീപാത്രമാകും.” അതായത്, ശൂന്യമാകുന്ന അവസ്ഥ -എല്ലാം ദൈവത്തിൽ നിന്നുള്ള ദാനം എന്ന തിരിച്ചറിവിൽ ,ഒരു നിസ്സഹായന്റെ അവസ്ഥ. അവിടെ നമ്മുടേതായ യാതൊന്നും ഉണ്ടാകാൻപാടില്ല – സമ്പത്ത്, കഴിവ്, വിദ്യാഭ്യാസം അങ്ങനെ യാതൊന്നും. ആ അവസ്ഥയിൽ നിന്ന് പ്രാർത്ഥിക്കുന്നവൻ അനുഗ്രഹിക്കപ്പെടും.

രണ്ടാമതായി അനുതാപം. തന്റെ ജീവിതത്തിൽ താൻ ഒരു ബലഹീനൻ ആണെന്ന തിരിച്ചറിവും തനിക്ക് പാപം ഉണ്ടെന്ന ബോദ്ധ്യവും ആ പാപം എന്തെന്ന് തിരിച്ചറിഞ്ഞ് അതിനെ ഓർത്തുള്ള അനുതാപവും ആണ് ഇവിടെ എടുത്തു പറയുന്നത്.

മൂന്നാമതായി, വചനം കേൾക്കുമ്പോൾ അത് ദൈവത്തിന്റെ സ്വരം എന്ന ബോദ്ധ്യത്തിൽ നാം സ്വീകരിക്കുക . അപ്പോൾ,ദൈവഭയം ഉണ്ടാകുകയും വചനത്തിന് വില കല്പിക്കുവാൻ സാദ്ധിക്കുകയും ചെയ്യും.

ദൈവകൃപയിൽ പരിപാലിക്കപ്പെട്ട് അത്യന്തം സമാധാനത്തിൽ കഴിഞ്ഞിരുന്ന ആദിമ മാതാപിതാക്കൾ പാപം ചെയ്ത് കഴിഞ്ഞുള്ള അവസ്ഥയാണ് ഉല്പത്തി 3/7-ൽ പറയുന്നത്” തങ്ങൾ നഗ്നർ ആണെന്ന് അവർ അറിഞ്ഞു. അത്തിയിലകൾ കൂട്ടിത്തുന്നി അവർഅരക്കച്ചയുണ്ടാക്കി.” നഗ്നത എന്നാൽഎന്തോ ഒളിപ്പിക്കുവാൻ ഉള്ള അവസ്ഥ . ഒളിപ്പിക്കുവാൻ ഉള്ള തത്രപ്പാടിൽ നാം അത്തിയില കൂട്ടിത്തുന്നി അത് മറയ്ക്കുവാൻ ശ്രമിക്കും-അതായത് പാപത്തെ നീതീകരിക്കുവാൻ ആരംഭിക്കും -തന്നെ ന്യായീകരിച്ച് മറ്റുള്ള വരെ പഴിചാരും-ഭയം ഉണ്ടാകും.ആകെ അസ്വസ്ഥമാകുന്ന അവസ്ഥ.

അപ്പോൾ,ദൈവകൃപ പ്രാപിക്കുവാൻ വേണ്ട അടിസ്ഥാന ഗുണങ്ങൾ സ്വായത്തമാക്കുവാൻ നാം ഏവരും ആത്മാർത്ഥമായി പരിശ്രമിക്കേണ്ടതാണ്.
………സഖറിയാസ് ഫിലക്സിനോസ് മെത്രാപ്പോലീത്ത

Leave a Reply