യേശു നാമത്തിന്റെ പ്രകമ്പന ശക്തി

യേശു നാമത്തിന്റെ പ്രകമ്പന ശക്തി

With 0 Comments, Category: Director,

യഹൂദ ജനം ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനം ആയിരുന്നു. അത് അവർ പൂർണ്ണ്മായി വിശ്വസിക്കുകയും സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്തിരുന്നു. അതിൽ അവർക്കും തർക്കം ഒന്നും ഉണ്ടായിരുന്നില്ല. ന്യായ പ്രമാണ കല്പനകൾ ദൈവം തന്റെ സ്വന്ത വിരൽകൊണ്ടെഴുതിയാണ് മോശ വഴി അവർക്ക് നൽകിയിരുന്നത്. അതിനെ അടിസ്ഥാനമാക്കി അവർക്ക് തനതായ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിയമസംഹിതകളും ആരാധനയും വസ്ത്രധാരണരീതിയും എല്ലാം അവർ ഉണ്ടാക്കിയെടുത്തു. അവരുടെ അടിസ്ഥാന വിശ്വാസം, ഏക ദൈവം- യഹോവ- എന്നതായിരുന്നു.

അപ്രകാരം ഉറച്ച കെട്ടുപാടുകളുള്ള ഒരു സമൂഹത്തിലേക്കാണ്‌ യേശു കടന്നു വന്ന്, അവരുടെ അടിസ്ഥാന വിശ്വാസത്തിന്റെ കടയ്ക്കൽ തന്നെ കത്തി വച്ചു കൊണ്ട്, താൻ ദൈവമാണ്, ദൈവ പുത്രനാണ് എന്ന് വെളിപ്പെടുത്തിയത്. അത്ഭുതങ്ങളും അടയാളങ്ങളും വഴി യേശു അത് സ്ഥിരീകരിച്ചിട്ടും അവർക്ക് അവനെ സ്വീകരിക്കുവാനോ ഉൾക്കൊള്ളുവാനോ സാദ്ധിച്ചില്ല.അതുകൊണ്ട് തന്നെ, തങ്ങളുടെ വിശ്വാസത്തെ തന്നെ തകിടം മറിക്കും എന്ന ഭയം കൊണ്ട്, സത്യം പറഞ്ഞവനെ ഇല്ലാതാക്കുവാൻ അവർ ശ്രമിച്ചു. പറഞ്ഞ വ്യക്തിയെ ക്രൂശിൽ തറച്ച് കൊന്ന് ഇല്ലാതാ ക്കുവാൻ ശ്രമിച്ചു എങ്കിലും, താൻ പറഞ്ഞത് സത്യം എന്ന് വെളിപ്പെടുത്തി മുന്നാം നാൾ യേശു ഉയിർത്തെഴുന്നേറ്റു.

എന്നിട്ടും വിശ്വസിക്കുവാൻ തയ്യാറാകാതിരുന്ന അവരുടെ മുമ്പാകെ സത്യം എന്തെന്ന് അപ്പസ്തോലന്മാർ വീണ്ടും ഉദ്ഘോഷിച്ചു.ചിലർ അത് വിശ്വസിച്ചു. അങ്ങനെ വിശ്വസിച്ച് യഥാർത്ഥ സത്യത്തെ ഉൾക്കൊണ്ട അവർ ഒറ്റ സമൂഹമായി മാറി, ഒരു ഹൃദയവും ഒരു ആത്മാവും ഉള്ളവരായി മാറി.”ഇത് എന്റെ ശരീരമാണ്” എന്ന് പറഞ്ഞ്, സ്വന്ത ശരീരം പകുത്ത് തന്നവന്റെ ഉള്ള് പറിച്ചു തരുന്ന സ്നേഹം തിരിച്ചറിഞ്ഞ അവരുടെ ഉള്ളും പിടഞ്ഞു. നിന്റെ ജീവൻ, കഴിവ്, ആരോഗ്യം, സമ്പത്ത്, ബുദ്ധി ഒക്കെയും പങ്കിട്ട് അപരനെ കരുതണം എന്നാണ് യേശു പറഞ്ഞത് എന്ന് അവർ തിരിച്ചറിഞ്ഞു.

നാമും ആ അന്തരാർത്ഥം, യേശു എന്ന നാമത്തിന്റെ പ്രകമ്പന ശക്തി – സർവ്വവും കീഴ്മേൽ മറിക്കുവാൻ പോരുന്ന അവന്റെ ശക്തി – ഉൾക്കൊണ്ട് അവനെ പിൻ ചെല്ലുന്നവർ ആയി മാറുവാൻ തയ്യാറാകുമ്പോൾ യേശു നമ്മുടെ ഉള്ളിലും വരും. അപ്പോൾ അപരന്റെ വൈകല്യം അല്ല, മറിച്ച് അവന്റെ നന്മ ഉൾകൊള്ളുവാൻ നമുക്ക് സാദ്ധിക്കും. എവിടെയെല്ലാം ആരെങ്കിലും, ഏതെങ്കിലും നല്ല വിധത്തിൽ വളർന്നിട്ടുണ്ടെങ്കിൽ, അത് വളർത്തിയത് ദൈവമാണ് എന്ന് തിരിച്ചറിയുവാൻ നമുക്ക് കഴിയണം. യേശുവിന്റെ ചിന്താഗതി, നിലപാട് ഒക്കെയും നാം സ്വന്തമാക്കുമ്പോൾ അവന്റെ ആത്മാവ് നമ്മിൽ നിറയുവാൻ തുടങ്ങും. ആ മനോഭാവത്തിൽ മററുള്ളവരെ സ്വീകരിച്ച്, ഉൾക്കൊണ്ട് അവരെ ശുശ്രൂഷിക്കുവാൻ തുടങ്ങുമ്പോൾ നമ്മിലൂടെ നാം അറിയാതെ തന്നെ സഭയും വളർന്നു കൊണ്ടേയിരിക്കും.

………സഖറിയാസ് ഫിലക്സിനോസ് മെത്രാപ്പോലീത്ത

Leave a Reply