എല്ലാമെല്ലാം ദാനം

എല്ലാമെല്ലാം ദാനം

With 0 Comments, Category: Director, News Letter,

എല്ലാറ്റിന്റെയും സ്രഷ്ടാവ് താനാണ് എന്നും എല്ലാം തന്റെ കരവേലയാണെന്നും അതു കൊണ്ട് തന്നെ സമസ്തവും തന്റേതാണെന്നും എശയ്യാ.. 66/3 ൽ ദൈവംഅരുളി ച്ചെയ്യുന്നു. നാം പോലും നമ്മുടെ സ്വന്തമല്ല മറിച്ച്,  ദൈവത്തിന്റേതാണെന്ന സത്യം നമ്മെ വിസ്മയിപ്പിച്ചേക്കാം, പക്ഷേ അതാണ് സത്യം.  ഉടമസ്ഥനായ ദൈവത്തിന്റെ കൈയിൽ നാം നമ്മെത്തന്നെ ഏല്പിക്കുവാൻ തയ്യാറാകുമ്പോൾ ദൈവം നമുക്കു വേണ്ടി പ്രവർത്തിക്കുവാൻ തുടങ്ങും. ക്രമേണ, അവൻ നമ്മിൽ കൃപ  വർഷിച്ച് തുടങ്ങുകയും ചെയ്യും .

ആദ്യം ലഭിക്കുന്ന കൃപയാണ് പുതിയ ഹൃദയം. അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായുള്ളവരെയാണ് ക്രിസ്തു ആശ്വസിപ്പിക്കുന്നത് എന്ന് കാണാം, (മത്തായി-11/28, 29). അതുകൊണ്ട് തന്നെ, കൃപ ലഭിച്ച് പുതിയ ഹൃദയം ലഭിച്ചവരിലും അതേ ചിന്ത ഉടലെടുത്ത്  തുടങ്ങും –    അതായത്, അദ്ധ്വാനിക്കുന്നവരെയും ഭാരം വഹിക്കുന്നവരെയും അവരും ആശ്വസിപ്പിച്ച് തുടങ്ങും.  പുതിയ ഹൃദയം ലഭിച്ച വരെ ഇപ്രകാരമുള്ള  അവരുടെ പ്രവർത്തികളിലൂടെ നമുക്ക്  തിരിച്ചറിയുവാൻ പെട്ടെന്ന് സാദ്ധിക്കും.

പുതിയ ഹൃദയത്തിന്റെ  അടിസ്ഥാന പ്രത്യേകത , അവിടെ നിന്ന് ജീവജലത്തിന്റെ അരുവികൾ ഒഴുകിത്തുടങ്ങും എന്നതാണ്. (യോഹന്നാൻ: 7/37) . അടിസ്ഥാന പരമായി ഇങ്ങനെയൊരു  മാറ്റം നമ്മിൽ സംഭവിക്കുവാൻ ദൈവം അതിയായി ആഗ്രഹിക്കുന്നുണ്ട്.  അവിടുന്ന് സ്വർഗ്ഗം വിട്ട് ഭൂമിയിലേക്ക് ഇറങ്ങി വന്നത് പോലും അതിനായാണ് .

കൃപയുടെ പ്രത്യേകത, അത് ,അതിനായി ദാഹിക്കുന്നവന് മാത്രമേ ലഭിക്കയുള്ളു എന്നതാണ്. (യോഹന്നാൻ – 7/3 7 )-”ആർക്കെങ്കിലും ഭാഹിക്കുന്നു എങ്കിൽ അവൻ എന്റെ അടുക്കൽ വന്ന് കുടിക്കട്ടെ”.അവന്റെ ഹൃദയത്തിൽ നിന്ന് ജീവ ജലത്തിന്റെ അരുവി ഒഴുകും. എന്നാൽ, നമ്മിൽ പലരും ദാഹം തീർക്കുന്നത് ക്രിസ്തുവിന്റെ അരികിലേക്ക് എത്തിയല്ലാ, മറിച്ച് , ഇഷ്ടമുള്ള ഭക്ഷണം കഴിച്ച് ,ഇഷ്ടപ്പെട്ട വിനോദങ്ങളിൽ ഏർപ്പെട്ട് , ഇഷ്ടമുള്ള വസ്ത്രം ധരിച്ച് അങ്ങനെ അങ്ങനെ… നമ്മുടെ ദാഹം അതിനൊക്കെയ്ക്കും ആണ്. 

ഒന്നറിയുക,  ക്രിസ്തുവിന് ജീവിതം കൊടുത്തവരെയെല്ലാം ക്രിസ്തു തൊട്ടിട്ടുണ്ട്. അവർക്ക്  വേണ്ടി ദൈവം ഇറങ്ങി പ്രവർത്തിക്കും.  കൃപ സ്വീകരിക്കുവാനും തനിക്ക്  വേണ്ടി പ്രവർത്തിക്കുവാനുമുളള അവസരം ദൈവം ഓരോരുത്തർക്കും നൽകിയിട്ടുണ്ട്. പക്ഷേ, നമുക്കതിനുള്ള ദാഹം ഉണ്ടായിരിക്കണം – അതിനായി അവനരികിൽ എത്തണം. നീ എനിക്കായ് എന്തെങ്കിലും നൽകിയാൽ അതും നിന്റേതായി രിക്കും എന്ന് പറയുവാനുള്ള എളിമയുണ്ടായിരിക്കണം -ഹൃദയത്തിനുള്ളിൽ, എല്ലാം സ്രഷ്ടാവിന്റെ ദാനം എന്ന ഉൾക്കാഴ്ച ഉണ്ടായിരിക്കണം.  

അപ്പോൾ  നമ്മെയും അവൻ തൊടും. അവൻ തൊട്ടവർ എല്ലാം സൗഖ്യം നേടിയിട്ടുണ്ട്. സൗഖ്യം നേടിയവർ, ലഭിച്ച പുതിയ ഹൃദയവുമായി തമ്പുരാന് വേണ്ടി പ്രവർത്തിച്ച് തുടങ്ങും – എല്ലാം അവിടുത്ത ദാനം എന്ന വലിയ ബോദ്ധ്യത്തോടെ.

ലഭിച്ചിരിക്കുന്നതെല്ലാം ദാനം എങ്കിൽ, അത് യോഗ്യതനോക്കിയല്ല ലഭിച്ചിരിക്കുന്നത് എന്ന വലിയ സത്യത്തെ നെഞ്ചിലേറ്റി കണ്ണടച്ച് ധ്യാനിക്കാം.

………സഖറിയാസ് ഫിലക്സിനോസ് മെത്രാപ്പോലീത്ത

Leave a Reply